ന്യൂഡൽഹി: എൻസിഇആർടിക്ക് കൽപിത സർവകലാശാല പദവി നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതോടെ സ്വന്തമായി കോഴ്സുകൾ ആരംഭിക്കാനും ബിരുദങ്ങൾ നൽകാനുമുള്ള അധികാരം എൻസിഇആർടിക്ക് ലഭിക്കും.
എൻസിഇആർടിക്ക് സർവകലാശാലാ പദവി നൽകാനുള്ള വിദഗ്ദ സമിതിയുടെ ശിപാർശ ഈ വർഷം ജനുവരിയിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാർച്ച് 30ന് മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം ഇറക്കിയത്.
പുതിയ കോഴ്സുകളും ബിരുദങ്ങളും യുജിസി മാനദണ്ഡങ്ങൾക്കും ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായിരിക്കണം. ലാഭേച്ഛയോടെയുള്ളതോ വാണിജ്യപരമായതോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ എൻസിഇആർടിക്ക് അനുവാദമുണ്ടാകില്ല.